Wednesday, December 29, 2010

പീഢിതന്റെ ആര്‍ത്തനാദം

മാതൃഭൂമിയില്‍ മൊയ്തു വാണിമേല്‍ സോര്‍ബയെപ്പറ്റി എഴുതിയ കുറിപ്പ് വായിച്ചത് ഇന്നാണ്. അതുകൊണ്ട് തന്നെ സോര്‍ബയുടെ ആ പഴയ വായന വീണ്ടുമെന്നെ കസാന്ദ്സാക്കിസില്‍ എത്തിച്ചു. എവിടെ നിന്നാണ് കസാന്ദ്സാക്കിസ് എന്നിലേക്ക് കടന്നുവന്നത് എന്നെനിക്കോര്‍മ്മയില്ല. തമ്പിമാഷില്‍ നിന്നാണോ എന്നൊരു സംശയം. എന്തായാലും വായിക്കുന്തോറും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ശക്തിയെ ഞാന്‍ ഒരുപാട് നേഹിക്കുന്നുണ്ട്.

എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു എഴുത്തുകാരനാണ് സാക്കിസ്. വായനകളിലും സ്വപ്നങ്ങളിലും എന്റെ കൂടെ നടന്നവന്‍. ഈ അടുത്ത കാലത്താണ് ഞാന്‍ തോഡറാബ വായിക്കുന്നത്. അതിലെ റാഹേലും, ജെറാനോസും, ആസാദുമൊക്കെ എന്നെ ഒരുപാട് ആകര്‍ഷിച്ചു. അങ്ങനെ തോഡറാബയില്‍ നിന്നുള്ള പ്രചോദനത്തിലാണ് ഞാന്‍ ഈ ബ്ലോഗിന് ആ പേരിട്ടതും.

ആത്മാവിനും ശരീരത്തിനുമിടയിലെവിടെയൊക്കെയോ നീറ്റലുകളാണ് കസാന്ദ്സാക്കിസ് സമ്മാനിച്ചത്. റില്‍ക്കേയ്ക്കും നെരൂദയ്ക്കും പറയാന്‍ കഴിയാത്ത ഏതോ ഒരുതരം കാവ്യാത്മകഭാഷയില്‍ അയാള്‍ മനസ്സിനെ മുറിപ്പെടുത്തുകയായിരിക്കണം.

സോര്‍ബയെയും, തോഡറാബയെയും പോലെത്തന്നെ എന്നെ വീണ്ടും വീണ്ടും വായിക്കാന്‍ കൊതിപ്പിച്ച മറ്റൊരു പുസ്തകമാണ് 'ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ദ ക്രൈസ്റ്റ്'. ഹോമറിന്റെ കൃതികളില്‍ മനസ് പൂണ്ടിരുന്ന സാക്കിസിന്റെ മനസ്സില്‍ വെളിപാട് പോലെയാണ് ക്രിസ്തുവിന്റെ ഒഴിഞ്ഞ കല്ലറയും, പേടിച്ചൊളിക്കുന്ന ശിഷ്യന്മാരും, ഉയിര്‍പ്പ് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന വേശ്യയായ മഗ്ദനയുടെ വിശ്വാസദാര്‍ഢ്യവും തെളിഞ്ഞ് വരുന്നത്.

മനുഷ്യരെ പോലെ പ്രലോബനങ്ങള്‍ക്കടിമപ്പെടുകയും അപാരമായ ആത്മീയശക്തിയോടെ അവയെ അതിജീവിക്കുകയും ചെയ്യുന്ന ഒരു യേശുവിനെയാണ് ഇതിലൂടെ കസാന്ദ്സാക്കിസ് അവതരിപ്പിച്ചത്. ഈ കൃതിയുടെ രചനാവേളയില്‍ ക്രിസ്തു ചിന്തിയ ഒരോ രക്തവും തന്റെ ഹൃദയത്തിലേക്കിറ്റ് വീഴുന്നതിന്റെ സുഖകരമായ വേദന താന്‍ അനുഭവിച്ചിരുന്നതായി സാക്കിസ് വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്തുവിന്റെ അമാനുഷികതകള്‍ തേടാതെ മൂല്യങ്ങള്‍ നിറഞ്ഞ മാണുഷികത തേടിപ്പോവാന്‍ കസാന്ദ്സാക്കിസിന് എങ്ങനെയാവാം കഴിഞ്ഞതെന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അതുഭുതപ്പെട്ടിട്ടുണ്ട്.

ഒരു കടലിരമ്പം പോലെ, ഓര്‍മ്മയുടെ താളപ്പെരുക്കം പോലെ ക്രിസ്തുവിനെ ഓര്‍ക്കുമ്പോള്‍ എന്നും കസാന്ദ്സാക്കിസ് എന്നിലേക്ക് കടന്നുവരുന്നുണ്ട്. 'ദ സേവിയേഴ്സ് ഓഫ് ഗോഡ്', 'ഡിവൈന്‍ കോമഡി' എന്നീ പുസ്തകങ്ങള്‍ ഞാനൊരുപാട് തെരെഞ്ഞുനോക്കിയെങ്കിലും ഇതുവരെ എനിക്കത് കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ തത്വചിന്തകള്‍ വായിക്കാന്‍ കഴിയാത്തത് വലിയൊരു നഷ്ടമായിത്തന്നെ ഞാന്‍ കണക്കാക്കുനുണ്ട്. അതിന്റെ വിഷമത്തെ എനിക്ക് അല്പമെങ്കിലും മറികടക്കാന്‍ കഴിഞ്ഞത് ആഷാമേനോന്‍ എഴുതിയ 'ഗ്രീസിലെ ബലിരേഖകള്‍' എന്ന ലേഖനം വായിച്ചപ്പോഴായിരുന്നു. അതിലൂടെ ഓരോ വായനയും എനിക്ക് ഓരോ അനുഭവമായി മാറുകയായിരുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട കസാന്ദ്സാക്കിസിന്റെ കൃതി ഏത് എന്ന് ചോദിച്ചാല്‍ അതില്‍ ഒന്ന് തെരെഞ്ഞെടുക്കുക എനിക്ക് അസാദ്യമാണ്. സോര്‍ബയോ, ലാസ്റ്റ് ടെമ്പ്റ്റേഷനോ, സെന്റ് ഫ്രാന്‍സിസോ, റിപ്പൊര്‍ട്ട് ടു ഗ്രീക്കോയോ....പറ്റില്ല. നോവലുകള്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ എങ്കില്‍ക്കൂടി അതില്‍ നിന്ന് ഒരെണ്ണം മാറ്റിവയ്ക്കാന്‍ എനിക്കാവില്ല. സാക്കിസിന്റെ ഒരോ വായനയും പകര്‍ന്നുതന്ന ചൂടില്‍ ഞാനിപ്പോഴും പൊള്ളിക്കൊണ്ടിരിക്കുകയാണ്, മതത്തിന്റെയും സമൂഹത്തിന്റെയും പൊയ്മുഖങ്ങളെ അദ്ദേഹം പോള്ളിപ്പിച്ചിരുന്നതു പോലെ.

1 comments:

Unknown November 12, 2015 at 10:27 PM  

Please share your facebook link.... K M Menon, New Delhi. https://www.facebook.com/menon9871

Powered by Blogger.

About Me

My photo
https://www.youtube.com/channel/UCDydEco4urCoaBrW_u4hEgQ
ജാലകം
സോര്‍ബയെപ്പറ്റി നിങ്ങള്‍ സ്നേഹത്തോടെ ബഹുമാനത്തോടെ സംസാരിക്കുന്നു. എന്നാല്‍ സോര്‍ബയുടെ സ്രഷ്ടാവായ കസന്ദ്സാക്കിസ്, കുറ്റബോധത്താല്‍ വേട്ടയാടപ്പെട്ട്, മതത്തിന്റെ ശല്യങ്ങള്‍ സഹിച്ച്, സ്ത്രീകളെ പേടിച്ച്, മരണമെന്ന ഒരൊറ്റ ചിന്തയാല്‍ ജീവിക്കുകയായിരുന്നു. ഇനിയും ബോധോദയം കിട്ടിയിട്ടില്ലാത്ത നമ്മുടെയൊക്കെ ഇരുമുഖങ്ങള്‍ തന്നെയാണോ സോര്‍ബയും കസാന്ദ്സാക്കിസും?

Free Web Counters

വായനക്കാര്‍